Pages

ബാല്യം

Sunday, October 27, 2013

                                                                             ചിലപ്പോളൊക്കെ എനിക്ക് തോന്നാറുണ്ട് 
ഞാനെത്ര വിചിത്രയാണെന്ന് ...
എത്ര മാറിപ്പോയിരിക്കുന്നു ഞാന്‍  ഒത്തിരിയൊത്തിരി മാറിയിരിക്കുന്നു ... 
പറമ്പിലും തൊടിയിലും അച്ഛമ്മയുടെ കയ്യില്‍ത്തൂങ്ങി നടന്ന പ്രായം 
അമ്മയുടെ ഇടംനെഞ്ചാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ലോകമെന്നു വിശ്വസിച്ചുറങ്ങിയിരുന്ന കാലം 
അച്ഛനെന്ന ദൈവത്തെ ആരാധിച്ചിരുന്ന കാലം 
ഞാന്‍ സൃഷ്‌ടിച്ച സാങ്കല്പിക ലോകത്തെ  കൂട്ടുകാരോട് 
കൂട്ടുകൂടി കളിച്ചും , അവയ്ക്ക് മണ്ണപ്പം ചുട്ടും കളിച്ച കാലം 
 കുടുംബത്തിന്റെ ആ വലിയ ആല്‍മരതണലില്‍ ഞാന്‍ സന്തുഷ്ടായായി കഴിഞ്ഞിരുന്ന ഞാന്‍ 
 ഇന്നതാകെ മാറിയിരിക്കുന്നു 
ആരോടും അധികം സംസാരിക്കാതെ ഒരു പുസ്തകത്താളില്‍ സ്വയം ഒളിപ്പിച്ചൊരു മയില്‍പ്പീലിയായി മാറി 
അതെന്തുകൊണ്ടാണ് ?
 കുറെയേറെ ചിന്തിച്ചിട്ടും എനിക്കുത്തരം കിട്ടിയില്ല 
ചിലപ്പോള്‍ ബാല്യമെന്ന നിഷ്കളങ്കത എന്നില്‍നിന്നു വിട്ടൊഴിഞ്ഞ ആ നിമിഷമായിരിക്കും  അല്ലെങ്കില്‍ 
ലോകവും സ്വര്‍ഗ്ഗവും നരകവും എല്ലാം ഒന്നുതന്നെയെന്നു തിരിച്ചറിഞ്ഞപ്പോളലായിരിക്കാം 
               ചിലപ്പോളൊക്കെ എനിക്ക് തോന്നിയിട്ടുണ്ട് ഞാനെന്റെ ഹൃദയവും ബുദ്ധിയും വേര്‍തിരിച്ചു ഉപയോഗിക്കാന്‍ തുടങ്ങിയപ്പോളാണ് ഞാന്‍ മാറിയതെന്ന് ... സ്നേഹം ഒരിക്കലും ബുദ്ധിയില്‍ നിന്നും ഉണ്ടാവുകയില്ല  
അത് ഹൃദയത്തിനു മാത്രം സ്വന്തമാണ് 
അത് ബോധപൂര്‍വമോ അല്ലാതെയോ ഞാനോ നിങ്ങളോ ഇടയ്കിടയ്ക്ക് വിസ്മരിക്കുന്നു 
            പലപ്പോഴും , കാലമെനിക്കു വേണ്ടിയെഴുതിയ ഡയറികുറിപ്പുകള്‍ ഞാന്‍ മറിച്ചുനോക്കാറുണ്ട് , കൃത്രിമം കലരാത്ത പുഞ്ചിരിയും , നിഷ്ക്കളങ്കത  നിറഞ്ഞ രണ്ടു കണ്ണുകളും എനിക്കുണ്ടായിരുന്നു 
                   പിന്നെ ഈ ലോകത്തിന്റെ കറുപ്പുചായം പുരളാത്ത മനസും 

ഇന്നും എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്ന ഒരു മഴനനഞ്ഞു കുതിര്‍ന്ന പ്രഭാതമുണ്ട്
          എന്റെ മാറ്റങ്ങള്‍ എനിക്ക് ചൂണ്ടിക്കാണിച്ചു തരുന്ന , കാലത്തിന്റെ സാക്ഷികളായ  ഓര്‍മ്മകള്‍ 
             ഇന്ന് ഒരിക്കല്‍പ്പോലും എന്റെയച്ചന്‍ ലീവ് കഴിഞ്ഞു പോകുമ്പോള്‍ ഞാന്‍ കരഞ്ഞിട്ടില്ല , വിഷമം ഉള്ളിലടക്കി ഒരു ചിരി എടുത്തണിയാന്‍ ഞാന്‍ പഠിച്ചു , പക്ഷെ  ചായം തേയ്ക്കാന്‍ അറിയാത്ത ഒരു മനസ് എനിക്കന്നു സ്വന്തമായി ഉണ്ടായിരുന്നു 
                            അന്ന് ഞാന്‍ ഏഴോ എട്ടോ വയസുള്ള ഒരു കൊച്ചുപെണ്‍കുട്ടിയാണ് 
റിയാദില്‍ നിന്നും നാലുവര്ഷം കഴിഞ്ഞാണ് അച്ഛന്‍ ആ വര്ഷം നാട്ടില്‍ വന്നത് , രണ്ടു മാസത്തെ അവധിക്കാലം , അതിനുള്ളില്‍ ഞങ്ങള്‍ പുതിയ വീട്ടിലേക്കു താമസംമാറി , പിന്നെയത് ഞങ്ങളുടെ മാത്രം ലോകമായിരുന്നു 
ഞാനും അച്ഛനും അമ്മയും മാത്രം ....
   പെട്ടന്നൊരു ദിവസം അച്ഛന്‍ തിരികെ പോകുന്നുവെന്ന് കേട്ടപ്പോള്‍ 
കരച്ചിലടക്കാന്‍ കഴിഞ്ഞില്ല ...
ആ ദിവസം മുഴുവന്‍ കരഞ്ഞും ബഹളം വെച്ചും കിടക്കയില്‍നിന്നും എഴുനേല്‍ക്കാതെ കിടന്നു 
അതുപിന്നെ ഒരാഴ്ചയോളം നീണ്ടു ... 
                             ഇന്നും ഓര്‍മയില്‍ നിന്നും മായാതെ നില്‍ക്കുന്നത് കണ്ണുനിറഞ്ഞു പടിയിറങ്ങി പോകുന്ന അച്ഛന്റെ മുഖമാണ് ...
             ഈ ലോകത്ത് മക്കളായി പിറക്കുന്ന ഓരോരുത്തര്‍ക്കും അവരവരുടെ അച്ഛനമ്മമാരെക്കള്‍ പ്രധാനമായി ഒരു കാലം കഴിയുംമ്പോള്‍ മറ്റു ചിലതു കടന്നുവരും .... കടന്നു വരണമെന്നത് പ്രകൃതിയുടെ നിശ്ചയമായിരിക്കാം 
                       ബുദ്ധി മനസിനെ കീഴടക്കുന്ന കാലം !! 
പക്ഷെ അത് വെറുമൊരു തോറ്റു കൊടുക്കല്‍ മാത്രമാണ് 
ബുദ്ധിയില്‍നിന്നു ഒരിക്കലും സ്നേഹം ഉണ്ടാക്കുകയില്ലയെന്നു 
അവ ഹൃദയത്തിനു മാത്രം മനസിന്‌ മാത്രം സ്വന്തമെന്നു  മനസിലാക്കണമെങ്കില്‍ 
, ഒരു പൂവിടരുന്ന സമയം വേണ്ടിവരാം ... പതിയെ നമ്മളിലെ നമ്മള്‍ ഓരോ ദളങ്ങളലായി  വിടര്‍ന്നു , കെട്ടിയാടിയ വേഷങ്ങള്‍ അഴിച്ചുവെച്ചു 
മുഖത്തെ ചായക്കൂട്ടുകള്‍ തുടച്ചുമാറ്റി 
ഹൃദയത്തെ കീറിമുറിച്ച ചിന്തകളെ ഒരുമിച്ചുകൂട്ടിയിട്ടു അഗ്നിക്ക് ഭക്ഷണമാക്കുന്ന സമയം വേണ്ടി വരുമായിരിക്കാം ......

                         ആ പൂവിടരുന്ന സമയം കാത്തിരിക്കുന്ന ചിലര്‍ നമ്മളല്ലേ ??

- അഞ്ജലി അനില്‍കുമാര്‍ 


Read more ...